വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ചതിന് കേസ്

Sreejith-

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ചതിന് കേസ്. വാസുദേവന്റെ വീട് ആക്രമണ കേസില്‍ ശ്രീജിത്ത് പങ്കാളിയാണെന്ന് കണ്ടെത്താനായില്ല. ശ്രീജിത്തിനെതിരെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഐപിസി 343 പ്രകാരമാണ് കേസ്.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പൊലീസ് സാക്ഷി പരമേശ്വരന്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പൊലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വാദം പൊളിക്കുന്ന ഡോക്ടര്‍മാരുടെ മൊഴി പുറത്തു വന്നതിനു പിന്നാലെയാണ് അന്യായമായി തടങ്കലില്‍ വെച്ചതിന് കേസെടുത്തിരിക്കുന്നത്.

Top