കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയം. ശ്രീജിത്ത് പൊലീസിനെ മര്‍ദ്ദിച്ചിട്ടില്ല, ശ്രീജിത്തില്‍ നിന്ന് ഒന്നും കണ്ടെത്താനുമില്ല, മര്‍ദ്ദിക്കാന്‍ പ്രത്യേകിച്ച് കാരണമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രീജിത്തിന്റെത് ഉരുട്ടിക്കൊലയെന്ന് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മര്‍ദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണിത്.ഇതിനിടെ വരാപ്പുഴ കേസില്‍ പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. മൊഴികളില്‍ വൈരുദ്ധ്യമുള്ള പശ്ചാത്തലത്തിലാണിത്.
ശ്രീജിത്തിന്റെ ചെറുകുടല്‍ പൊട്ടിയിരുന്നുവെന്നും ഇതിലൂടെ ഭക്ഷണസാധനങ്ങള്‍ പുറത്തുവന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തുടര്‍ന്നുണ്ടായ അണുബാധ രക്തത്തിലേക്ക് വ്യാപിക്കുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ ദേഹത്ത് 18 പരിക്കുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജനനേന്ദ്രിയങ്ങളില്‍ പുറമേയ്ക്കുള്ള പരിക്കില്ല. അടിവയറ്റിലുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് ഡോ. സക്കറിയ തോമസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്.