കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച വൈകിട്ട് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മരണം സംബന്ധിച്ച് എറണാകുളം റേഞ്ച് ഐ.ജി.വിജയ് സാക്കറെ അന്വേഷിക്കും. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് പൊലീസുകാരുടെ വാദം. ഗൃഹനാഥനെ ആക്രമിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നും പൊലീസ് പറയുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റോ എന്ന കാര്യം പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് വ്യക്തമാക്കി.