കൊച്ചി: അഭയ കേസ് വിധിയില്‍ ഏറെ സന്തോഷമെന്ന് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്. കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ സത്യം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ കൂടിയാലും കുറഞ്ഞാലും അതില്‍ പ്രാധാന്യമില്ല. നീതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട സാഹചര്യത്തില്‍ സ്വയം വിരമിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വര്‍ഗീസ് പി തോമസ്. വിആര്‍എസ് എടുത്തതില്‍ വിഷമമില്ല. സത്യത്തിന് വേണ്ടി നിലകൊണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ വിട്ട് പോന്നതാണ്. ഡിഫന്‍സ് സര്‍വീസുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കേണ്ടി വരും. അതിന് കഴിയില്ല. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ട്രാന്‍സ്ഫര്‍ നല്‍കാമെന്ന് പറഞ്ഞതാണ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ പിരിഞ്ഞു പോകുന്നത് ജനങ്ങള്‍ക്ക് തന്റെ മേലുള്ള വിശ്വാസ്യത കുറയ്ക്കാന്‍ ഇടവരും. തെറ്റ് ചെയ്യാതെ ശിക്ഷ വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട് സര്‍വീസില്‍ നിന്നും പിരിഞ്ഞതാണ്. സര്‍വീസില്‍ 10 വര്‍ഷം ശേഷിക്കെയാണ് വിആര്‍എസ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലും വ്യക്തിപരമായും തീരുമാനമെടുക്കാം. കൊലപാതകം തെളിഞ്ഞ കേസില്‍ മിനിമം ശിക്ഷ നല്‍കിയില്ലെങ്കില്‍ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് കോടതിയ്ക്ക് വിമര്‍ശനമേല്‍ക്കേണ്ടി വരും. ഈ കോടതി വിധിയെ വെല്ലുവിളിച്ച് ഹൈക്കോടതിയില്‍ പോയാലും മെറിറ്റ് ഉള്ള കേസായതിനാല്‍ എത്രത്തോളം നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.