നവാഗതനായ റെജിഷ് മിഥില തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലെത്തും. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് പ്രധാന കഥാപാത്രമായെത്തുന്നത്. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്‌ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന കഥയും സിനിമാപ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാന്‍ മദ്രാസിലേക്ക് വണ്ടി കയറിയ ഹിച്ച് കോക്കിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയാകുകയാണ്.
ദിലീഷ് പോത്തനെ കൂടാതെ അമിത് ചക്കാലക്കലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്‍, സുധി കോപ്പ, നന്ദു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഐസക്ക് കൊമ്പന എന്ന ശക്തമായ കഥാപാത്രവുമായി ലാല്‍ എത്തുന്നുണ്ട്.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഥിതി താരമായായിരുന്നു മമ്മൂട്ടി എത്തിയത്. അതുപോലെ തന്നെ ‘വാരിക്കുഴിയിലെ കൊലപാതക’ത്തിലും ഒരു സൂപ്പര്‍ താരം അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചന. ടേക്ക് വണ്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.