ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ചലച്ചിത്ര പ്രേമികളിലുണ്ട്. അതേ സമയം ഔദ്യോഗികമായി നിര്‍മ്മാതാക്കളോ വിതരണക്കാരോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും വിവിധ ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.
രമേഷ് ബാല, മനോബാല വിജയബാല എന്നിവരുടെ കണക്കുകള്‍ പ്രകാരം മൂന്ന് ദിവസങ്ങളിലും തുനിവ് വാരിസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. മനോബാലയുടെ ട്വീറ്റ് പ്രകാരം മൂന്ന് ദിവസങ്ങളില്‍ തന്നെ തുനിവ് തമിഴ്നാട്ടില്‍ മാത്രം 50.97 കോടി കളക്ഷന്‍ നേടി. വെള്ളിയാഴ്ച തുനിവ് തമിഴ്നാട്ടില്‍ നേടിയത് 12.06 കോടിയാണ്. വരും ദിവസങ്ങള്‍ വാരാന്ത്യവും പൊങ്കലും ആയതിനാല്‍ കളക്ഷന്‍ കൂടാനാണ് സാധ്യത.
അതേ സമയം ഇതേ കണക്കുകള്‍ പ്രകാരം വാരിസ് മൂന്ന് ദിവസത്തില്‍ നേടിയത് 35.29 കോടി കളക്ഷനാണ്. റിലീസ് ദിവസത്തില്‍ ഒഴികെ കളക്ഷനിലെ കോടികള്‍ ഇരട്ടയക്കത്തില്‍ എത്തിക്കാന്‍ വിജയ് ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച 7.11 കോടി രൂപയാണ് വിജയ് ചിത്രം നേടിയത്. ഫാമിലി ചിത്രം എന്ന രീതിയില്‍ റിവ്യൂകള്‍ വന്നതിനാല്‍ ശനി ഞായര്‍ ദിനങ്ങളില്‍ ഫാമിലികള്‍ എത്തുന്നതോടെ കളക്ഷന്‍ കൂടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
അജിത്തിന്‍റെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പടമായി തുനിവ് മാറിയെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ആറ് ലക്ഷം ഡോളര്‍ കളക്ഷന്‍ ഇതുവരെ തുനിവ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയെന്നാണ് വിവരം.
ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.