വര്‍ക്കല ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരാബാദ് സ്വദേശിനിയായ 26കാരിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വര്‍ക്കലയില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന് കടലില്‍ വീണ് 15 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശക്തമായ തിരയില്‍ പാലത്തിന്റെ കൈവരി തകര്‍ന്നാണ് ആളുകള്‍ കടലില്‍ വീണത്. അതേസമയം, അപകടത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. ശക്തമായി തിരയടിച്ചതിന് പിന്നാലെ പാലത്തിലുണ്ടായിരുന്ന സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ കരയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വീണ്ടും തിരയടിച്ച് അപകടമുണ്ടായത്.ശക്തമായ തിരയില്‍ പാലത്തിന്റെ കൈവരി തകര്‍ന്നു. നിരവധി പേര്‍ കടലില്‍ വീണു. പരിക്കേറ്റ 15 പേരെ ആദ്യം തൊട്ടടുത്ത ആശുപത്രികളിലേക്ക്മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ട് ആന്ധ്രാ സ്വദേശികളെയും രണ്ട് കോയമ്പത്തൂര്‍ സ്വദേശികളെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഇവരില്‍ ഹൈദരാബാദ് സ്വദേശിനിയായ 26കാരി അനീറ്റയുടെ ആരോഗ്യനിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.
ഡിസംബര്‍ 23നാണ് ഏറെ കൊട്ടിഘോഷിച്ച് വര്‍ക്കല ബീച്ചിലൊരുക്കിയ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 100 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന്, ശക്തമായ തിരകളെയും കാറ്റിനെയും മറികടക്കാനുള്ള കരുത്തുണ്ടെന്നായിരുന്നു ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അവകാശവാദം.അമേരിക്കന്‍ കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണമെന്നായിരുന്നു ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങളെല്ലാം പൊളിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തി മൂന്ന് മാസം മുമ്പേ പാലം തകര്‍ന്ന സംഭവം ഇന്നുണ്ടായത്. അവധിദിനങ്ങളായതിനാല്‍ ധാരാളം സഞ്ചാരികള്‍ പാലത്തില്‍ കയറാനുണ്ടായിരുന്നു. കൃത്യസമയത്ത് ലൈഫ് ഗാര്‍ഡുകളും തീരത്തുണ്ടായിരുന്നവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.