തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹവീട്ടില്‍ വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടര്‍ന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. അതേസമയം, ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടില്‍ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി, രാജുവിന്റെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസിന് പരാതി നല്‍കി.
വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയല്‍വാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. വിവാഹത്തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെ മണ്‍വെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.
പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവര്‍ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. പിടിയിലായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാംകുമാര്‍, മനു എന്നിവര്‍ കുറ്റം സമ്മിതിച്ചിട്ടുണ്ട്.