വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

വര്‍ക്കല: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. കുട്ടികളോട് കോളേജില്‍ എത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് കോളേജ് അധികൃതര്‍ പുറപ്പെടുവിച്ചു.

ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണെന്നാണ് കോളജ് മാനേജ്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. എന്നാല്‍ 100 എം.ബി.ബിഎസ് വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാന്‍ നിശ്ചയിച്ചിരുന്നതും തിങ്കളാഴ്ച്ചയായിരുന്നു.

ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും രോഗികളും ഇല്ലാത്തമെഡിക്കല്‍ കോളജ് പൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ കോളേജിന്റെ കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് അഞ്ചാം തീയതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ അതിനെ മറികടന്നുകൊണ്ടാണ് ഇപ്പോള്‍ കോളജ് തുറക്കുമെന്ന് മാനേജ്‌മെന്റ് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കോളേജ് തുറക്കാനുള്ള ഈ ശ്രമം.

Top