വരാപ്പുഴ കസ്റ്റഡി മരണം ; പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ എസ്പി എ.വി.ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കിയത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശന്‍ നോട്ടീസ് നല്‍കിയത്. കേസന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.

വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാനേ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top