‘വര്‍ത്തമാന’ത്തിന്റെ ടീസർ പുറത്ത്; ചിത്രം ഫെബ്രുവരി 19 ന് തിയറ്ററുകളില്‍

പാര്‍വ്വതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാന’ത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മലബാറില്‍ നിന്ന് ഡൽഹി സര്‍വ്വകലാശാലയിലേക്ക് എത്തുന്ന ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ഥിയായാണ് പാര്‍വ്വതി ചിത്രത്തിൽ എത്തുന്നത്. ഫൈസാ സൂഫിയ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. റോഷന്‍ മാത്യു, സിദ്ദിഖ്, സഞ്ജു ശിവ്റാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേർന്നാണ് നിര്‍മിക്കുന്നത്. ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൊവീനോ തോമസ് ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്.

ഛായാഗ്രഹണം അഴകപ്പന്‍. ഗാനരചന റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്. പിആര്‍ഒ പി ആര്‍ സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്). സെന്‍സറിംഗ് സംബന്ധിച്ച് നേരത്തെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരി 19 ന് തിയറ്ററുകളില്‍ എത്തും.

Top