രാജ്യമൊട്ടാകെ 300 തീയറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങി ‘വര്‍ത്തമാനം’

 

പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ഈ മാസം 12ന് റിലീസിനെത്തും. ഇന്ത്യയിലാകെ 300 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സെക്കന്‍ഡ് ഷോ അനുവദിക്കില്ലെന്നതുമായി ബന്ധപ്പെട്ട് തീയറ്ററുകള്‍ അടച്ചിടാനുളള തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 12 ന് തന്നെ ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജെഎന്‍യു സമരം പ്രമേയമാകുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തത്‌ നേരത്തെ വിവാദം ആയിരുന്നു. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

Top