സോനം കപൂര്‍-ആനന്ദ് അഹൂജ, ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു.
എന്നാല്‍ ഇപ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും ഗോവന്‍ കടല്‍ തീരത്തുവെച്ച് ഈ വര്‍ഷം ഡിസംബറില്‍ ചടങ്ങുകള്‍ നടക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹത്തിന് ശേഷം മുംബൈയില്‍വച്ച് വിവാഹവിരുന്ന് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡില്‍ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിനു മുന്‍പ് പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവര്‍ രണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.
സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്. എന്നാല്‍ പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.