ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും. വരുണ്‍ സിങിന്റെ മൃതദേഹം ഇന്ന് ഭോപ്പാലില്‍ എത്തിക്കും. പ്രത്യേക സൈനിക വിമാനത്തിലാകും മൃതദേഹം ജന്മനാട്ടിലെത്തിക്കുക. പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്‌കരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
വരുണ്‍ സിങിന്റെ പിതാവ് റിട്ടേയര്‍ഡ് കേണല്‍ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിങിന്റെ സഹോദരന്‍ നാവികസേനയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെല്ലിങ്ടണില്‍ നിന്ന് ബെംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്.
രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വരുണ്‍ സിങ്. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.