ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യക്കും മകനും എംപിയുമായ ദുഷ്യന്ത് സിംഗിന് കൊറോണ വൈറസ് രോഗം ഇല്ലെന്ന് പരിശോധനാ ഫലം. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം ഇരുവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്.
ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഖ്നൗവില്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടിയും നടത്തി.
കനികയുടെ രോഗവിവരം ഇന്നലെ അറിഞ്ഞതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ആശങ്കയിലായിരുന്നു. തുടര്‍ന്നാണ്, മുന്‍കരുതലെന്ന നിലയില്‍ താനും മകനും സ്വയം കൊവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചതായി വസുന്ധര രാജെ ട്വീറ്റ് ചെയ്തത്.