യു.എ.ഇ വാറ്റ് രജിസ്‌ട്രേഷന്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും

അബുദാബി: യു.എ.ഇ യില്‍ നടപ്പാക്കാനിരിക്കുന്ന ഇരിക്കുന്ന മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) രജിസ്‌ട്രേഷന്‍ 2017 സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ).

യു.എ.ഇ ബിസിനസ് രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ്‌ വാറ്റ് പ്രാബല്യത്തില്‍ വരുന്നത്.

ലോകോത്തര നികുതി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണപരമായ കാര്യങ്ങള്‍ നടന്നു കഴിഞ്ഞതായി എഫ്.ടി.എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഇലക്ട്രോണിക് സംവിധാനത്തിലുള്ള സമഗ്ര നികുതി നിര്‍വഹണരീതിയാണ് ഉള്ളത്.

അടുത്തവര്‍ഷം ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങുക. 3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള മുഴുവന്‍ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യു.എ.ഇയിലെ മൂന്നരലക്ഷം കമ്പനികള്‍ വാറ്റ് സംവിധാനത്തിൻ കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്.

പുകയില, പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം എക്‌സൈസ് നികുതിയും, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 50 ശതമാനം എക്‌സൈസ് നികുതിയുമാണ് ഈടാക്കുക.

ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന വെബ്‌സൈറ്റ് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

യു.എ.ഇ.യിലെ നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും.

Top