കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് വാറ്റുചാരായം വില്‍പ്പന നടത്തിയാള്‍ പിടിയില്‍. കൊട്ടിയം കണ്ടച്ചിറമുക്ക് പുഷ്പ വിലാസത്തില്‍ അനില്‍ ആന്‍ഡ്രൂസാണ് പിടിയിലായത്. നാല് ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും ഇയാളുടെ പക്കല്‍ നിന്നും കൊട്ടിയം പൊലീസ് പിടിച്ചെടുത്തു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ സജീര്‍, അനൂപ്, പ്രവീണ്‍, എ.എസ്.ഐ. ശശിധരന്‍ പിള്ള എന്നിവരും കൊല്ലം സിറ്റി ഡാന്‍സാഫ് എസ്.ഐ ജയകുമാറിന്റേയും ടീമിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധനയിലൂടെ പ്രതിയെ പിടികൂടിയത്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കായല്‍ തീരങ്ങള്‍, തുരുത്തുകള്‍, ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, പറമ്പുകള്‍, വനമേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങള്‍ സജീവമാണ്.
ഒരു കുപ്പി വാറ്റ് ചാരായത്തിന് രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണ് സംഘങ്ങള്‍ വില്‍പ്പന നടത്തിവരുന്നത്. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.