ഓണക്കാലത്ത് വില്‍ക്കാന്‍ വാറ്റ് ചാരായ നിര്‍മാണം; പ്രതി പിടിയില്‍

തിരുവനന്തപുരം: കൂന്തള്ളൂരില്‍ ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന്‍ (73) ആണ് പിടിയിലായത്. നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് ചിറയിന്‍കീഴ് പൊലീസ് ശശിധരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. കോട പൊലീസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റു ചാരായം പിടികൂടിയതിന് എക്സൈസ് കേസെടുത്തിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ കണ്ണന്‍ കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ് എം എല്‍, അരുണ്‍ കുമാര്‍ കെ ആര്‍, മനോഹര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സജീഷ്, ഷജീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിതലാഭം ലക്ഷ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

Top