വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകേണ്ട, ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്‌: വാവ സുരേഷ്

തിരുവനന്തപുരം: തനിക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി വാവ സുരേഷ്. തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിന് പിന്നാലെ പോകേണ്ടെന്നും സുരേഷ് പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഈ വിവരം അറിയിച്ചത്. ആരോഗ്യസ്ഥിതിയില്‍ പേടിക്കേണ്ടതായി ഒന്നുമില്ല. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും. മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിക്കപ്പെട്ടതിനാലാണ് ഇത്രയും ദിവസം പ്രതികരിക്കാന്‍ കഴിയാതിരുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് നിങ്ങളെ അറിയിക്കാമെന്നും പ്രാര്‍ത്ഥനകളില്‍ ഓര്‍ത്ത എല്ലാവരോടും നന്ദിയുണ്ടെന്നും വാവ സുരേഷ് കുറിച്ചു.

പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പാമ്പിനെ കുപ്പിയിലാക്കിയെങ്കിലും നാട്ടുകാര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുത്തു. തുടര്‍ന്നാണ് പാമ്പ് അദ്ദേഹത്തിന്റെ കൈയ്യില്‍ കടിച്ചത്. ഉടന്‍ തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തുകയും ഉച്ചയോടെ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top