കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടണമെന്ന് വയലാര്‍ രവി പറഞ്ഞിരുന്നു; ബെന്യാമിന്‍

കോട്ടയം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടപ്പിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഭാഗ്യം കൊണ്ട് മാത്രമാണ് കരിപ്പൂരില്‍ വിമാന അപകടങ്ങള്‍ ഉണ്ടാവാത്തതെന്നു മുന്‍ വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

വയലാര്‍ രവി വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ‘ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍. അത് അടച്ചുപൂട്ടണം എന്നൊരു റിപ്പോര്‍ട്ട് വിദഗ്ധ സമിതിയുടേതായി കിട്ടിയിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ അത് പുറത്തുപറയാന്‍ കഴിയില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് അവിടെ വിമാന അപകടങ്ങള്‍ ഉണ്ടാവാത്തത്’ എന്ന്. ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്.

ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. അങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതു കണ്ടെടുത്ത് വീണ്ടും പഠിക്കണം. സങ്കുചിതമായ പ്രാദേശികവാദം വെടിഞ്ഞ് വേണ്ട നടപടികള്‍ കൈക്കൊള്ളണം. റണ്‍വേയുടെ വികസനം നടക്കണം. സുരക്ഷ വര്‍ധിപ്പിക്കണം. ഭാഗ്യം കൊണ്ടു മാത്രം ഒഴിവാക്കപ്പെടേണ്ട ഒന്നല്ല അപകടങ്ങള്‍. ഇനിയും ഒരു അപകടം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല.

Top