‘വായു’ നാളെ എത്തും; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനകം അതിതീവ്രമാകുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. ന്യൂനമര്‍ദം ചൊവ്വാഴ്ച ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള കര്‍ണാടക തീരം എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം.

തെക്കന്‍കേരളത്തില്‍ പലയിടത്തും കടല്‍ക്ഷോഭവും രൂക്ഷമാണ്. കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഇന്ന് പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടത്ത് അപകടങ്ങളുണ്ടായി എറണാകുളം കാക്കനാട് കലക്ടറേറ്റിനു മുന്നില്‍ മരംവീണ് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. തൃക്കാക്കര മാവേലിപുരം സ്വദേശി കെ.എ.അഷ്‌റഫാണ് മരിച്ചത്. രണ്ടു കാര്‍ യാത്രികര്‍ക്കു പരുക്കേറ്റു.തിരുവനന്തപുരം ചാക്കയില്‍ റോഡിലെ വെള്ളത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. അജന്ത പുള്ളില്‍ലൈന്‍ സ്വദേശികളായ പ്രസന്നകുമാരി, രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ചത്തെ കനത്ത മഴയിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

അപകടസാധ്യത കൂടുതലായതിനാല്‍ ജനങ്ങളോട് കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതുകൂടാതെ മഴക്കാല രോഗങ്ങളും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Top