തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രിയുമായി കൊമ്പ് കോർത്ത് പ്രതിപക്ഷ നേതാവ്. യൂത്ത് കോൺഗ്രസ് സമരത്തിനെതിരായ പൊലീസ് ലാത്തിചാർജ്ജ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ ഷാഫിയുടെ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ സംസാരിച്ചത്.
ഒരു കാലത്ത് താൻ ഒരു സുരക്ഷയുമില്ലാതെ ഒറ്റയ്ക്ക് നടന്ന ആളാണ് താനെന്നും അറിയണമെങ്കിൽ കെ.സുധാകരനോട് ചോദിച്ചാൽ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പഴയ പിണറായിയേയും പുതിയ പിണറായിയേയും പേടിയില്ലെന്ന് വിഡി സതീശൻ മറുപടി നൽകി. യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് നൂറുകണക്കിന് പൊലീസുകാരെ വഴി നീളെ നിർത്തിയും 42 അകമ്പടി വാഹനങ്ങൾ ഇറക്കിയും സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.