കൊവിഡ് മരണക്കണക്ക് സര്‍ക്കാര്‍ അട്ടിമറിച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐസിഎംഐആര്‍, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാന്‍ ഗൂഡാലോചന നടന്നുവെന്നും സതീശന്‍ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഡിവൈഎഫ്‌ഐ നേതാവ് പി.ബിജു കൊവിഡ് ബെഡില്‍ കിടന്നാണ് മരിച്ചത്. ഈ സര്‍ക്കാരിന്റെ കണക്കില്‍ അത് കൊവിഡ് മരണം അല്ല. സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ആ മരണവുമില്ല. ഡോക്ടര്‍മാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ദസമിതിയാണ് കേരളത്തിലെ കൊവിഡ് മരണങ്ങള്‍ നിശ്ചയിച്ചത്. ഇത് ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സതീശന്‍ ആരോപിച്ചു.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കൊവിഡ് മരണമെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എവിടെ പോകണം ആര്‍ക്കാണ് ഇവര്‍ പരാതി നല്‍കേണ്ടത്. ഇവരുടെ കൈവശം എന്ത് തെളിവാണുള്ളതെന്നും സതീശന്‍ ചോദിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ പക്കലാണ് തെളിവുകളുള്ളത്. ഇത് സര്‍ക്കാര്‍ പരിശോധിക്കാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ കൈവശമുള്ള കൊവിഡ് മൂലം മരിച്ചവരുടെ കണക്ക് പുറത്തിവിടണം. അപ്പോള്‍ കണക്കില്‍ പെടാത്തത് ആരൊക്കെയാണെന്ന് അറിയാം.

വിവിധ വകുപ്പുകളെ ഏകോപിച്ച് സംവിധാനം ഉണ്ടാക്കി സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകള്‍ തിരുത്തിയാല്‍ അതില്‍ കേന്ദ്ര സര്‍ക്കാര്‍ ആക്ഷേപം ഉന്നയിക്കാനിടയുണ്ട്. അതിനാല്‍ ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവശമുള്ള കണക്ക് പുറത്ത് യഥാര്‍ത്ഥ മരണക്കണക്ക് തയ്യാറാക്കണമെന്നും സര്‍ക്കാര്‍ പരിശോധനയ്ക്ക് തയ്യാറല്ലെങ്കില്‍ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Top