തിരുവനന്തപുരം: അന്തരിച്ച ആർ.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡനെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് സതീശൻ പറഞ്ഞു. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാളാണെന്നും സതീശൻ അനുസ്മരിച്ചു.
‘ആർ.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്‌നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു ചന്ദ്രചൂഡനെന്നും സതീശൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും’ വി.ഡി സതീശൻ.