തിരുവനന്തപുരം: ആസാദീ കെ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ ഐ.സി.എച്ച്.ആര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നികുതി ദായകന്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം പൂനെയിലെ തീവ്രവാദത്തിന്റെ കുഴലൂത്തുകാരാകരുതെന്ന് അദ്ദേഹം പറഞ്ഞു.
കുറുവടിയേന്തിയവര്‍ വിചാരിച്ചാലൊന്നും ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ മതേതര വാദിയുടെ സോഷ്യലിസ്റ്റിന്റെ കറകളഞ്ഞ കോണ്‍ഗ്രസുകാരന്റെ നിറസാന്നിധ്യവും ഓര്‍മകളും രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്ന് തച്ചുടക്കാനാവില്ല. അതി മനോഹരമായ ആ ചെമ്പനീര്‍ പൂവിന്റെ സൗരഭ്യം കെടുത്താന്‍ ഒരു ഇരുണ്ട ശക്തിക്കും കഴിയുകയുമില്ല. കാരണം ജെ.എന്‍. എന്ന ആ കൈയ്യൊപ്പ് ഞങ്ങളുടെ ഹൃദയങ്ങളിലാണ് പതിഞ്ഞിട്ടുള്ളത്. ആ മനുഷ്യന്‍ ഒരു സ്വപ്നമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ സംഗീതമാണ്. ആ ചിന്തകള്‍ ഹിമാലയത്തോളം ഔന്ന്യത്യമുള്ളതുമാണ്. ഇന്ത്യയുള്ളിടത്തോളം ഭാരതാംബയുടെ ആ പ്രിയപുത്രന്റെ പേരും നിലനില്‍ക്കുമെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് കുറിച്ചു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
” ഈ അർധരാത്രിയിൽ, ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കൺ തുറക്കുകയാണ്. ”
Long years ago we made a tryst with destiny എന്നു തുടങ്ങുന്ന അതിമഹത്തായ ഈ പ്രസംഗത്തിന്റെ ഓരോ വാക്കും നെഞ്ചിലേറ്റാത്ത ഒരിന്ത്യൻ പൗരനും ഉണ്ടാകില്ല. ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക്, സ്വാതന്ത്ര്യത്തിനായുള്ള നീണ്ട പോരാട്ടത്തിന്, മനുഷ്യന്റെയും രാഷ്ട്രത്തിന്റെയും അന്തസിന്, ലോക മെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കു ശബ്ദം നൽകുകയായിരുന്നു അനശ്വരമായ ആ പ്രസംഗത്തിലൂടെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു.
നീണ്ട വർഷങ്ങൾ ജയിലിൽ, അല്ലാത്തപ്പോഴെല്ലാം ഗാന്ധിജിക്കൊപ്പം സമരഭൂമിയിൽ, ഇതിനിടെ വായന എഴുത്ത് പ്രസംഗങ്ങൾ യാത്രകൾ. എന്തൊരു ജീവിതമായിരുന്നു അത്. അവനവനെ രാജ്യത്തിനു സമർപ്പിച്ച ത്യാഗനിർഭരമായ ജീവതം. ഇന്ത്യയെ ഇത്ര കണ്ടു സ്നേഹിച്ച, ഇന്ത്യ ഇത്ര കണ്ടു സ്നേഹിച്ച മറ്റൊരാളില്ല ജവഹർലാലിനെ പോലെ. നെഹ്രു ജി, ജവഹർ ലാൽ, പണ്ഡിറ്റ് ജി, പ്രധാനമന്ത്രി, ചാച്ചാജി ഇങ്ങനെ എത്ര പേരുകളിൽ രാജ്യം ഈ മനുഷ്യനെ നെഞ്ചേറ്റി, ആദരിച്ചു, സ്നേഹിച്ചു. പിന്നെയും പിന്നെയും ഹൃദയത്തിലിടം നൽകി ചേർത്തുവെച്ചു. കണ്ണീരോടെ പ്രണമിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമ്യത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ നിന്ന് പണ്ഡിറ്റ്ജിയുടെ ചിത്രം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന ഭാരത സർക്കാർ സ്ഥാപനമാണ് ഈ തമസ്ക്കരണം നടത്തിയിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രിയെ മാത്രമല്ല ഈ സാംസ്ക്കാരിക സ്ഥാപനം അപമാനിച്ചിരിക്കുന്നത്, ആധുനിക ഇന്ത്യയുടെ ശില്പിയും ലോകക്രമത്തെ സ്വാധീനിച്ച നേതാവും മഹാനായ ചിന്തകനും ധിഷണാശാലിയായ എഴുത്തുകാരനുമായിരുന്ന ഒരു മനുഷ്യന്റെ ഓർമ്മയില്ലാതാക്കാനുള്ള ഫാസിസ്‌റ്റ് ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലെ ശ്രമമാണിത്.
ഐ.സി.എച്ച്.ആറിന് ഓർമകൾ ഉണ്ടാകണം. ഉണ്ടായേ മതിയാകൂ. നികുതി ദായകൻ്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം പൂണെയിലെ തീവ്രവാദത്തിൻ്റെ കുഴലൂത്തുകാരാകരുത്. ചരിത്രത്തെയും സംസ്ക്കാരത്തെയും ഒരു രാജ്യത്തിന്റെ ജീവിതത്തെയും കുറിച്ച് ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ അക്കാദമിക്ക് സാംസ്ക്കാരിക പഠന ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് മാന്യതയും എന്തിന് സാമാന്യ ബുദ്ധി പോലും പ്രതീക്ഷിക്കേണ്ടതില്ല. സംഘികൾക്ക് ആത്മാവ് പണയം വെക്കാത്തവരാരെങ്കിലും അവിടെയുണ്ടെങ്കിൽ പണ്ഡിറ്റ്ജിയുടെ ഈ വാക്കുകൾ ഓർത്താൽ നന്ന്.
”Culture is the widening of the mind and of the spirit.” അല്ലാതെ തമസ്ക്കരണത്തിന്റെ ഇരുട്ടും അറിവില്ലായ്മയുടെ കയ്പും ഫാസിസത്തിന്റെ വിഷവും കുത്തി നിറക്കലല്ല ചരിത്ര ഗവേഷകരുടെ പണി. ചരിത്രത്തെ വളച്ചൊടിക്കൽ തെറ്റായ പ്രചരണം മഹദ് വ്യക്തികളോടുള്ള അനാദരവ് ഭീഷണി ബഹുസ്വരതയോടുള്ള ഭയം ജനാധിപത്യത്തോടുള്ള വിമുഖത കറ കളഞ്ഞ വർഗീയത ഇതെല്ലാം ചേരുംപടി ചേർത്ത ഇന്നത്തെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് ഇത്തരം നിഷേധാത്‌മകമായ ചെയ്തികളല്ലാതെ മറ്റെന്തു വരാൻ?
കുറുവടിയേന്തിയവർ വിചാരിച്ചാലൊന്നും ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ മതേതര വാദിയുടെ സോഷ്യലിസ്റ്റിന്റെ കറകളഞ്ഞ കോൺഗ്രസുകാരന്റെ നിറസാന്നിധ്യവും ഓർമകളും രാജ്യത്തിന്റെ ഹൃദയത്തിൽ നിന്ന് തച്ചുടക്കാനാവില്ല. അതി മനോഹരമായ ആ ചെമ്പനീർ പൂവിന്റെ സൗരഭ്യം കെടുത്താൻ ഒരു ഇരുണ്ട ശക്തിക്കും കഴിയുകയുമില്ല. കാരണം ജെ.എൻ. എന്ന ആ കൈയ്യൊപ്പ് ഞങ്ങളുടെ ഹൃദയങ്ങളിലാണ് പതിഞ്ഞിട്ടുള്ളത്. ആ മനുഷ്യൻ ഒരു സ്വപ്നമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ സംഗീതമാണ്. ആ ചിന്തകൾ ഹിമാലയത്തോളം ഔന്ന്യത്യമുള്ളതുമാണ്. ഇന്ത്യയുള്ളിടത്തോളം ഭാരതാംബയുടെ ആ പ്രിയപുത്രന്റെ പേരും നിലനിൽക്കും.