സര്‍ക്കാര്‍ കോവിഡ് കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം:കേരളത്തിലെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണ്. വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടാല്‍ അത് പരിശോധിക്കുകയാണ് വേണ്ടത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഒരു റോളുമില്ല. കുറേ ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നത്. രണ്ട് മുറി വീടുകളും അതില്‍ തന്നെ അഞ്ചും ആറും പേര്‍ താമസിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ കൂടുതല്‍. കുടുംബങ്ങളില്‍ നിന്ന് രോഗം പടരുന്നുവെന്ന് പുതിയ കാര്യമായാണ് ആരോഗ്യമന്ത്രി പ്രസ്താവിച്ചത്. പ്രതിപക്ഷം ഇക്കാര്യം മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയതാണ്.

പലയിടത്തും സിഎഫ്എല്‍ടിസികള്‍ അടച്ചു. ആളുകള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിക്കുകയാണ്. കോണ്‍ട്രാക്ട് ട്രെയ്സിങ് പോലും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഒരാള്‍ക്ക് രോഗം വന്നാല്‍ അയാളുമായി ബന്ധപ്പെട്ട 20 പേരെയെങ്കിലും പരിശോധിക്കണമെന്നാണ്. കേരളത്തില്‍ അത് 1:1.5 ആണ്. അതായത് ഒരാള്‍ക്ക് അസുഖം വന്നാല്‍ ഒരാളെ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം മുഴുവന്‍ പാളി. സര്‍ക്കാര്‍ കൊവിഡ് കണക്ക് മറച്ചുവയ്ക്കുന്നത് പ്രതിപക്ഷം നിയമസഭയില്‍ ഗൗരവമായി ഉന്നയിച്ചതാണ്. 25,000ത്തോളം മരണക്കണക്ക് സര്‍ക്കാര്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

Top