സുധാകരനെതിരായ അന്വേഷണം; മുഖ്യമന്ത്രി വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കെ. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക്സഭാ സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ല. ഒരു കേസും നിലനില്‍ക്കില്ല. തങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.

അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

 

Top