തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ ഇ.പി ജയരാജന്‍ ബിസിനസ് ബന്ധ ആരോപണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടായ ‘നിരാമയ’യുടെ ഉദ്ഘാടനത്തിന് ഇ.പി ജയരാജന്‍ പങ്കെടുത്തു. ഇതിന് ഫോട്ടോ തെളിവുണ്ട്. ജയരാജന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും സ്ഥാപനങ്ങള്‍ തമ്മില്‍ എഗ്രിമെന്റ് ഉണ്ടെന്നും വി.ഡി സതീശന്‍.
ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തില്‍ ഇഡിയുടേയും ഇന്‍കം ടാക്‌സിന്റെയും പരിശോധന കഴിഞ്ഞപ്പോഴാണ്. ബന്ധം ആരംഭിച്ചശേഷം പിന്നീട് കേന്ദ്ര ഏജന്‍സികളുടെ പരിശോധനയുണ്ടായില്ല. ഇ.പി ജയരാജന്‍ ബുദ്ധിപൂര്‍വമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് ‘നിരാമയവൈദേഹ’ എന്നാക്കിയത്. കേസ് കൊടുത്താല്‍ നേരിടാന്‍ താന്‍ തയാറാണെന്നും വി.ഡി സതീശന്‍.
ബിജെപി നേതാക്കള്‍ പോലും രാജീവ് ബെസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തുവരുമെന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നും ഇ.പി ജയരാജനാണ് പറഞ്ഞത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ മാത്രമാണ് സിപിഐഎം മത്സരിക്കുന്നത്. പിന്നെ എങ്ങനെയാണ് അവര്‍ ബിജെപിയെ താഴെയിറക്കുമെന്ന് പറയുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.