‘സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയം മുഖ്യമന്ത്രി സ്വീകരിച്ചു’; വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയം മുഖ്യമന്ത്രി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി സിപിഐഎം ഏരിയ സെക്രട്ടറിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്ക് ജാമ്യം ഉള്ള വകുപ്പും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്ക് ജാമ്യമില്ലാ വകുപ്പും. ഒരേകുറ്റം ചെയ്തവര്‍ക്ക് രണ്ട് തരത്തില്‍ കേസെടുത്തുവെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകള്‍ നിയന്ത്രിക്കുന്നു. ഉപജാപക സംഘത്തിന്റെ പേര് ഉടന്‍ വെളിപ്പെടുത്തും. മന്ത്രിമാരെ ഉപയോഗിച്ച് അധിക്ഷേപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധിക്ഷേപം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും നിലപാട് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കെതിരെയാണ് മന്ത്രി സജി ചെറിയാന് വിമര്‍ശിച്ചത്. മന്ത്രിയുടെ പ്രതികരണത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സഭയുടെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വിമര്‍ശനം ഉന്നയിച്ചേക്കും. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന വാദം ഉയര്‍ത്തിയാണ് സഭ നേരിടുന്നത്. വിഷയത്തില്‍ സജി ചെറിയാന് പിന്തുണ നല്‍കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.അതേസമയം സഭാ നേതൃത്വത്തിന് പിന്തുണ നല്‍കുന്ന നിലപാട് തുടരാനാണ് കോണ്‍ഗ്രസിന്റയും ബി.ജെ.പിയുടെയും നീക്കം.

Top