തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ ശിശുക്ഷേമ സമിതിയിലും സി ഡബ്ല്യു സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയാറായത്.
സിഡബ്ല്യുസിയിലും ശിശുക്ഷേമസമിതിയിലും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം. ഏതു കുഞ്ഞിനെയും വില്‍പനയ്ക്കു വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്കും വിഷമം ഉണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. കേരളത്തിലെ സിപിഐഎമ്മിന് ജീര്‍ണത സംഭവിച്ചിരിക്കുകയാണ്.വിഷയത്തില്‍ പുരോഗമനപരമായ നിലപാടാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു.