കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് വിഡി സതീശന്‍

കൊച്ചി: കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടു മാസം മുന്‍പ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കൊവിഡ് അതിവേഗം പടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പക്കല്‍ ആക്ഷന്‍ പ്ലാനൊന്നുമില്ല. ആശുപത്രികളില്‍ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നാം തരംഗത്തില്‍ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ എന്ത് സൗകര്യമാണ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ജാഗ്രതയെന്ന് മാത്രം ആവര്‍ത്തിച്ച് പറയുകയാണ്. ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍കോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് നിശിതമായ വിമര്‍ശനം ഉന്നയിച്ചു. കോടതിയെയും ജനങ്ങളെയും സിപിഎം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യമായി നിയമ ലംഘനം നടത്തുകയാണ്. പൊതുപരിപാടികള്‍ക്ക് 75 പേരെന്ന സര്‍ക്കാര്‍ നിയന്ത്രണം പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വ്യാഖ്യാനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ മാറ്റിവെക്കുകയാണ് സിപിഎം ചെയ്യേണ്ടത്. അത് ഭരണഘടനാ ബാധ്യതയൊന്നുമല്ല. പരിപാടികള്‍ എല്ലാം പ്രതിപക്ഷം മാറ്റിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍, സര്‍ക്കാരാണ് മാതൃകയാകേണ്ടതെന്നും ഗൗരവം കണക്കിലെടുത്ത് പെരുമാറണമെന്നും പറഞ്ഞു.

Top