തിരുവനന്തപുരം: പ്രചരിക്കുന്ന വീഡിയോ സത്യം തന്നെയാണ്. പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തില്‍ തര്‍ക്കമുണ്ടായത് സത്യമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കം ഉണ്ടായി എന്നത് സത്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു’. അത് വേണ്ടന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് പറയുമെന്ന് സുധാകരന്‍ വാശി പിടിച്ചു. അത് തടയാനാണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. എന്നിട്ടും സുധാകരന്‍ പറഞ്ഞു. -സതീശന്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നതിനാലാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്ന് ചൊല്ലിയുള്ള സതീശന്റേയും സുധാകരന്റേയും തര്‍ക്ക വീഡിയോ പുറത്ത് വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കമുണ്ടായത്. വാര്‍ത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തര്‍ക്ക വിഷയം.
ഞാന്‍ തുടങ്ങുമെന്ന് സതീശന്‍ പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്ന് സതീശന്‍ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്‍.