തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെതിരേ വ്യവസായി എംഎ യൂസഫലി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നത് ധൂര്‍ത്താണെന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു . ധൂര്‍ത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും ഭക്ഷണവും താമസവും നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നുമായിരുന്നു യൂസഫലിയുടെ വിമര്‍ശനം.
രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് പ്രതിപക്ഷം ലോക കേരളസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യൂസഫലിയെ അറിയിച്ചിരുന്നു. സിപിഎമ്മുകാര്‍ നിരവധി കെപിസിസി ഓഫീസുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് യൂസഫലിയെ വിളിച്ച് അറിയിച്ചിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയിട്ട് അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത് ശരിയായില്ലെന്നും സതീശന്‍ പറഞ്ഞു.
ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയര്‍ നവീകരിക്കാന്‍ 16 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്തത് ധൂര്‍ത്താണെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് യുഡിഎഫ് പറഞ്ഞത്. ഇക്കാര്യം മാത്രമാണ് ലോക കേരളസഭയുമായി ബന്ധപ്പെട്ട ധൂര്‍ത്തെന്ന് പ്രതിപക്ഷം പറഞ്ഞതെന്നും യൂസഫലിക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.