തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിച്ച ഗവർണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ചാണ് അത് ചെയ്തത്. ഇതിനെതിരെ സർക്കാർ കോടതിയിൽ പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സതീശൻ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ കൊണ്ടുവരുന്നതും ഇത്തരം അനധികൃത അധ്യാപക നിയമനത്തിനാണ്, ക്രമക്കേട് കാണിക്കാനാണ്.
നിലവിൽ യുജിസിയുടേയും സെനറ്റിന്റേയും ചാൻസലറുടേയും പ്രതിനിധിയാണുള്ളത്. അവിടേക്ക് സർക്കാരിന്റെ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനേയും വയ്ക്കുകയാണ്. തുടർന്ന് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഈ പേര് ഗവർണറോട് ശുപാർശ ചെയ്യാൻ പാടൂള്ളൂ. അപ്പോൾ അർഹതപ്പെട്ടവർക്ക് അവസരം നിഷേധിക്കാനും ഇഷ്ടക്കാരുടെ പേര് ശുപാർശ ചെയ്യാനും കഴിയും. അങ്ങനെ വരുമ്പോൾ വിസി പൂർണമായും സർക്കാരിന്റെ അടിമയാകും.
ഇത് വളരെ ഗൗരവതരമായ കാര്യമാണ്. കാരണം പരസ്യമായാണ് അർഹരായ ആളുകൾക്ക് നീതി നിഷേധിച്ച് ബന്ധു നിയമനം നടത്തുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യണമെന്നും സർക്കാർ നിയമവഴി തേടിയാൽ തങ്ങളും നിയമവഴി തേടുമെന്നും വിഷയാധിഷ്ടിതമായിട്ടാണ് പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.