സുധീരന്റെ തീരുമാനം ഉറച്ചത്, നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വി എം സുധീരന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകളുണ്ടായെന്നും അക്കാര്യം അദ്ദേഹവുമായി സംസാരിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അനുനയ ശ്രമങ്ങളുടെ ഭാഗമായി വി എം സുധീരന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

വി എം സുധീരന്റെ തീരുമാനം ഉറച്ചതാണ്, പത്ത് വി ഡി സതീശന്മാര്‍ വന്നാലും അത് മാറ്റാനാകില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് രാജി പിന്‍വലിപ്പിക്കാനല്ല. വി എം സുധീരന്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

അതേസമയം രാജിക്കത്ത് നല്‍കിയത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കിടെ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് വിമര്‍ശിച്ചു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

വി ഡി സതീശന്‍ വി എം സുധീരന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. വി എം സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും കെ സുധാകരന്‍ പ്രതികരിച്ചു.

Top