തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് സതീശന്‍ പറയുന്നു. ഇടത് പക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ കത്തില്‍ കുറ്റപ്പെടുത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല. പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. മാത്രമല്ല സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കും. മുബൈ – അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും സീതാറാം യെച്ചൂരിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം സില്‍വര്‍ ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് പിണറായി വ്യക്തമാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച, മുഖ്യമന്ത്രി കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ രൂക്ഷ വിമര്‍ശിച്ചു.
മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്‌നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി. ഇന്ന് നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.