തിരുവനന്തപുരം: സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകം.