മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ? വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ ഭരണം നേടിയ കേരള കോണ്‍ഗ്രസ് എം നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.

കെ എം മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ് മാണിയുടെ നടപടി. മാണി യുഡിഎഫ് വിട്ടുപോയതും എല്‍ഡിഎഫില്‍ ബന്ധത്തിന് ശ്രമിക്കുന്നതും അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയില്‍ നിന്നാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണ്. രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും വീക്ഷണം പറയുന്നു.

യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ മാണി നടത്തിയ വിഫലശ്രമങ്ങള്‍ ആര്‍ക്കും മറക്കാനാവില്ല. മാണിയെ യുഡിഎഫ് സഹിച്ചത് പോലെ മറ്റൊരു പാര്‍ട്ടിക്കും സഹിക്കേണ്ടി വന്നിട്ടില്ല. ബിവറേജ് കടയുടെ മുമ്പിലെന്നവണ്ണം മാണിയും മകനും എകെജി സെന്ററിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത് ദയനീയ കാഴ്ചാണ്.

സിപിഎം നിര്‍ദേശിക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പുറപ്പാടിലാണ് മാണിയും അനുയായികളും. കനാനിലേക്കുള്ള ഈ യാത്ര ഒടുവില്‍ നരകത്തില്‍ എത്തിച്ചേരുമോ എന്ന സന്ദേഹമുള്ളവരും പാര്‍ട്ടിയില്‍ ഏറെയുണ്ട്.

യുഡിഎഫില്‍ മാണിക്ക് മാന്യതയോടെ പൂമുഖത്ത് കൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കള വാതിലിന്റെ സാക്ഷ നീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏത് വേണമെന്ന് നിശ്ചയിക്കേണ്ടത് കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

Top