Veekshanam Editorial against Jacob Thomas

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍. പ്രതിപക്ഷ നേതാവിനെപോലെയാണ് ജേക്കബ് തോമസ് പെരുമാറുന്നത്. വഹിക്കുന്നത് ഡിജിപി പദവിയാണെന്നത് ജേക്കബ് തോമസ് പലപ്പോഴും മറക്കുന്നതായും വീക്ഷണം വിമര്‍ശിക്കുന്നു.

പോലീസ് നിരയില്‍ ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം ചെയ്തതെന്ന് വീക്ഷണം ആരോപിക്കുന്നു. കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തിരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ ജ്വരം വര്‍ധിക്കാറുണ്ടെന്നുപറഞ്ഞാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന ആശ മനസ്സില്‍ വെച്ചാണ് ജേക്കബ് തോമസിന്റെ വിമര്‍ശനങ്ങളൊക്കെ. താനൊഴികെ മറ്റുള്ളവരെല്ലാം രോഗബാധിതരാണെന്ന് പറയുന്നവര്‍ക്ക് മനോരോഗമാണ്. അതിന് ചീഫ് സെക്രട്ടറിയുടെ ഇണ്ടാസ് കൊണ്ടല്ല കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ടുപോയി ചികിത്സിക്കുകയാണ് വേണ്ടത്. എഡിറ്റോറിയല്‍ പറയുന്നു.

കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയല്ല മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി കൊടുക്കുകയാണ് വേണ്ടത്. അമ്മയെ തല്ലിയും ന്യൂസ് മേക്കാറാകാന്‍ ശ്രമിക്കുന്ന ഇത്തരം യശസ് മോഹികള്‍ പോലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. വളയമില്ലാത ചാടുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ പുകഞ്ഞകൊള്ളിയായി പുറത്തേക്കെറിയണം വീക്ഷണം പറയുന്നു.

Top