രോഗികളെ ലിഫ്റ്റില്‍ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കൊവിഡ് വാര്‍ഡ്, കൊവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദര്‍ശിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്ന ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മന്ത്രി പരിശോധിച്ചു. എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി സ്വീകരിച്ചു. അത്യാഹിത വിഭാഗം സന്ദര്‍ശിക്കുന്ന സമയത്താണ് ചില രോഗികളുടെ ബന്ധുക്കള്‍ വന്ന് തങ്ങളെ ലിഫ്റ്റില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി എത്തിയത്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കി.

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. അനില്‍ സുന്ദരം വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Top