തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ താരപോരാട്ടം നടക്കുക അഞ്ച് മണ്ഡലങ്ങളില്‍ അഴീക്കോട്, ആറന്മുള, കൊല്ലം, പത്തനാപുരം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളാണിവ. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുപരി പൊതു സമൂഹത്തിലെ നിഷ്പക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ മണ്ഡലങ്ങളില്‍ സി.പി.എം ഉം ബി.ജെ.പി യും കോണ്‍ഗ്രസ്സുമെല്ലാം സ്ഥാനാര്‍ത്ഥികളെ പോരിനിറക്കിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍ മത്സരിക്കുന്ന അഴീക്കോട് മണ്ഡലമാണ്. നിലവില്‍ സി.പി.എം ന് കരുത്തുള്ള ജില്ലയില്‍ അഴീക്കോടിനെ മുസ്ലീം ലീഗ് യുവനേതാവ് കെ.എം.ഷാജിയാണ് പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ തവണ 55077 വോട്ടുകള്‍ക്കാണ് ഷാജി ശ്രദ്ധേയമായ വിജയം നേടിയിരുന്നത്. ഇത്തവണയും ഷാജി തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പരസ്യമായി എന്‍.ഡി.എഫ് അടക്കമുള്ള തീവ്ര നിലപാടുള്ളവരുടെ വോട്ട് വേണ്ടന്ന് തുറന്ന് പറഞ്ഞ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച യുവ നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഒരു പരീക്ഷണത്തിന് പോലും തയ്യാറാവാതെ മണ്ഡലം പിടിച്ചെടുക്കുന്നതിനായി എം.വി.നികേഷ്‌കുമാറിനെ സി.പി.എം. രംഗത്തിറക്കിയിട്ടുള്ളത്.
മലയാള ടെലിവിഷന്‍ ചാനല്‍ വാര്‍ത്താവതരണത്തിന് പുതിയ ദിശാബോധം നല്‍കിയ നികേഷ് കുമാറിന്റെ ശിഷ്യരാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഭൂരിപക്ഷ ചാനലുകളിലും രാഷ്ട്രീയക്കാരെ ചര്‍ച്ചകളില്‍ ‘കീറിമുറിക്കുന്ന’ മാധ്യമ പ്രവര്‍ത്തകര്‍.
ശിഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഇനി രാഷ്ട്രീയക്കാരനെന്ന രൂപത്തില്‍ മറുപടി പറയേണ്ട പ്രത്യേക സാഹചര്യവും നികേഷ്‌കുമാറിനുണ്ടാകും. പല നേതാക്കളെയും വെള്ളം കുടിപ്പിച്ച നികേഷിനെ ഇനി ഷാജി സമ്മര്‍ദ്ദത്തിലാക്കുമോ അതോ, അട്ടിമറി വിജയം നേടി അഴീക്കോടിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം നികേഷ് വീണ്ടെടുത്ത് നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്.
ആറന്മുളയില്‍ നിന്ന് മത്സരിക്കുന്ന വീണ ജോര്‍ജ്ജിലും നികേഷിനെ പോലെ വലിയ പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ പിന്‍തുണ വീണക്ക് ലഭിക്കുമെന്ന ആശങ്ക യു.ഡി.എഫ് കേന്ദ്രങ്ങളിലും പ്രകടമാണ്.
മുഖ്യമന്ത്രിയും അടുത്ത സുഹൃത്തും അനുയായിയുമായ ശിവദാസന്‍ നായര്‍ 64845 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്. വീണ്ടുമൊരു അങ്കത്തിന് ഇറങ്ങുമ്പോള്‍ ശിവദാസന്‍ നായര്‍ക്ക് ആത്മവിശ്വാസത്തിന് കുറവില്ലെങ്കിലും മണ്ഡലത്തിലെ സ്ഥിതി പ്രവചനാതീതമാണ്.
ചാനലുകളില്‍ വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ പൊതു സമൂഹത്തില്‍ നികേഷിനെപ്പോലെ തന്നെ വീണക്കും വലിയ സ്വീകാര്യത ഉള്ളത് വോട്ടായാല്‍ ഈ രണ്ട് മണ്ഡലങ്ങളിലെയും ചരിത്രം മാറും.
പത്തനാപുരത്ത് മത്സരിക്കുന്ന സിറ്റിംഗ് എം.എല്‍.എ യും നടനുമായ ഗണേഷ്‌കുമാര്‍ ഇത്തവണ ഇടത് പിന്‍തുണയോടെയാണ് മത്സരരംഗത്തിറങ്ങുന്നത് എന്നതാണ് പ്രത്യേകത. ഈ മണ്ഡലത്തില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് നടന്‍ ജഗദീഷിനെ തന്നെ രംഗത്തിറക്കി താര പകിട്ട് പങ്കിടാനാണ് യു.ഡി.എഫ് നീക്കം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ജഗദീഷ് പടക്കളത്തിലിറങ്ങും. ഇരുവര്‍ക്കും പ്രചരണത്തിനായി ഏതൊക്കെ താരങ്ങള്‍ എത്തുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ താരസംഘടനയായ ‘അമ്മ’ യുടെ നിലപാടും നിര്‍ണ്ണായകമാണ്. ഇഷ്ടമുള്ള താരങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ പ്രചരണത്തിന് പോവാന്‍ തടസ്സമില്ലെന്ന നിലപാടിലാണ് അമ്മ പ്രസിഡന്റായ നടന്‍ ഇന്നസെന്റ്.
അനായാസ വിജയം ലക്ഷ്യമിട്ട ഗണേഷ് കുമാര്‍ എന്തായാലും കടുത്ത മത്സരത്തെയാണ് ഇപ്പോള്‍ നേരിടുന്നത്. കൊല്ലത്ത് വലിയ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. പി.കെ. ഗുരുദാസന് സീറ്റ് നിഷേധിച്ചത് വലിയ വിഭാഗം സി.പി.എം അനുഭാവികളില്‍ അതൃപ്തിക്ക് കാരണമായത് വോട്ടായാല്‍ ചരിത്ര നേട്ടം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. ശക്തനായ ഒരു നേതാവ് മത്സരിക്കാനെത്തുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ പ്രമുഖനായതിനാല്‍ മുകേഷിനും സിറ്റിംഗ് സീറ്റായതിനാല്‍ സി.പി.എം നും കൊല്ലത്തെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ശ്രീ ശാന്താണ് മറ്റൊരു താരപോരാട്ടത്തിലൂടെ എം.എല്‍.എ സ്ഥാനം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ ഇവിടെ മുന്നിലെത്തിയ ബി.ജെ.പി ശ്രീശാന്തിലൂടെ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ്. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടിലാണ് പ്രതീക്ഷ മുഴുവന്‍. മന്ത്രി വി.എസ്.ശിവകുമാറിനെതിരെ മണ്ഡലത്തില്‍ വലിയ വികാരമുണ്ടെന്നും സി.പി.എം മത്സരിക്കാതെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിലെ ആന്റണി രാജുവിന് സീറ്റ് നല്‍കിയത് വലിയ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായുമാണ് ശ്രീശാന്തും ബി.ജെ.പി നേതൃത്വവും പറയുന്നത്. ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം നേരിട്ട് മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയായതിനാല്‍ ശ്രീശാന്ത് പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്ക് നാണക്കേടാകും.