പത്തനംതിട്ട: വിട്ടുപോയ കോവിഡ് മരണങ്ങളെല്ലാം മൂന്ന് ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടികളാണ് കഴിഞ്ഞ 16 മുതല്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മുമ്പ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് മനഃപൂര്‍വമല്ല. അവ്യക്തത കൊണ്ട് മാറ്റിവെക്കപ്പെട്ടതാകാം. യഥാസമയം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വന്നതടക്കമുള്ള പ്രശ്‌നങ്ങള്‍കൊണ്ടുമാകാം. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മറച്ചുവെക്കാനൊന്നുമില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചതെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. മുമ്പ് വിട്ടുപോയ മരണങ്ങളുണ്ടെങ്കില്‍ പരാതിപ്പെടാം. പരിശോധിച്ച് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.