ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാ വീരപ്പനെ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാ വീരപ്പന്‍ ബി ജെ പിയില്‍ ചേര്‍ന്നത്.
ഇതിനൊപ്പം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളര്‍ത്തുമകള്‍ ഗീത മധുമോഹന്‍, സഹോദരന്റെ കൊച്ചുമകന്‍ ആര്‍. പ്രവീണ്‍ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുകയും നടന്‍ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്‍, നടന്മാരായ രാധാ രവി, വിജയകുമാര്‍ എന്നിവരെ നിര്‍വാഹക സമിതി ഓര്‍ഗനൈസര്‍മാര്‍ എന്ന പദവിയിലും നിയമിച്ചിട്ടുണ്ട്.
സംഗീതസംവിധായകന്‍ ദിന, സംവിധായകന്‍ പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടന്‍ ആര്‍.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി പ്രമുഖര്‍ക്കുള്‍പ്പെടെ സ്ഥാനം നല്‍കിയിരിക്കുന്നത്.
രജനീകാന്തിന്റെ മകളുടെ ഭർത്താവാണ് ധനുഷ്. ധനുഷിന്റെ അച്ഛൻ കസ്തൂരിരാജയ്ക്ക് പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യോട് അടുക്കുന്നു എന്ന നിലയിൽ സോഷ്യൽമീഡിയയിൽ ശക്തമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്.