ചാമ്പ്യന്‍സ് ബോട്ട് ലീഗ് ; വീയപുരം ചുണ്ടന്‍ ട്രോഫി ഏറ്റുവാങ്ങാന്‍ കടന്നുവരുമ്പോള്‍ ബോട്ടിലേക്ക് ഇടിച്ചു

പാണ്ടനാട്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ വിജയികളായ വീയപുരം ചുണ്ടന്‍, ട്രോഫി ഏറ്റുവാങ്ങാന്‍ പവലിയനിലേക്ക് കടന്നുവരുമ്പോള്‍ ചെറുബോട്ടിലേക്ക് ഇടിച്ചു കയറി. ചുണ്ടന്റെ മുന്‍ഭാഗത്തിന് കേടുപറ്റി. ശനിയാഴ്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

വീയപുരം ചുണ്ടന്‍ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബിലെ തുഴച്ചില്‍ക്കാര്‍ വെള്ളത്തില്‍ വീണു. അന്‍വിന്‍ എന്ന തുഴച്ചില്‍ക്കാരന് പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ബോട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.പമ്പാനദിയിലെ പാണ്ടനാട് നെട്ടായത്തിലായിരുന്നു മത്സരം നടന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മത്സരം ഉദ്ഘാടനം ചെയ്തു. സി.ബി.എല്ലിന്റെ 11-ാം പാദമത്സരത്തില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായപ്പോള്‍ നടുഭാഗം രണ്ടാമതും മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ മൂന്നാം സ്ഥാനത്തും എത്തി.

പവലിയന് സമീപം കിടന്ന ബോട്ട് മറുകരയിലേക്ക് പോകാന്‍ ഓടിച്ചപ്പോള്‍ വേഗത്തിലെത്തിയ ചുണ്ടന്‍ ഇടിച്ചു കയറുകയായിരുന്നു. ചുണ്ടന്റെ മുന്‍ഭാഗം ഉള്‍പ്പെടെ ബോട്ടിനുള്ളിലായി.

 

Top