തിരുവനന്തപുരം: വിഷമയമായ പച്ചക്കറികള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമായ കീടനാശിനികള്‍ ഉപയോഗിച്ചുള്ള പച്ചക്കറികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
അന്‍പതിനായിരം ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി പിണറായി വ്യക്തമാക്കി.
നേരത്തെ ജൈവ പച്ചക്കറിക്കൃഷിയുമായി സിപിഎം എറണാകുളം ജില്ലാകമ്മറ്റി തുടക്കമിട്ട പദ്ധതി സംസ്ഥാന വ്യാപകമായി സിപിഎം നടപ്പാക്കിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതേ രീതിയില്‍ സര്‍ക്കാര്‍ തലത്തില്‍ ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.വിപണിയില്‍ നേരിട്ട് പച്ചക്കറി എത്തിച്ച് ചുരുങ്ങിയ വിലയ്ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്.
കൃഷിയെ ആധുനികവല്‍ക്കരിച്ച് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത് പോലെ കൃഷിക്കാരനാണ് താനെന്ന് പറയാന്‍ ആളുകള്‍ക്ക് അഭിമാനം ഉണ്ടാവുന്ന സാഹചര്യമുണ്ടാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നെല്‍വയല്‍ നികത്തുന്നതിനെതിരെയും കര്‍ശന നടപടിയുണ്ടാകും. പച്ചക്കറി കൃഷിയുള്‍പ്പെടെ എല്ലാ മേഖലയിലെ കൃഷികളെയും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിനാവശ്യമായ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് നല്‍കും. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന അരിയും പച്ചക്കറി വിഭവങ്ങളടക്കമുള്ളവയില്‍ ഭൂരിഭാഗവും നിലവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നതെന്നിരിക്കെ ജൈവ പച്ചക്കറി കൃഷി നടത്തിപ്പ് സര്‍ക്കാര്‍ തന്നെ നേരിട്ട് ഏറ്റെടുക്കുന്നതോടെ അത് അന്യസംസ്ഥാന ലോബിക്ക് വന്‍ തിരിച്ചടിയാകും.
വിഷമയമായ പച്ചക്കറി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയ പശ്ചാത്തലത്തില്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.