കൊച്ചി: ഓണമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ പച്ചക്കറി വില കുതിക്കുന്നു. ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ് പച്ചക്കറികളുടെ വില വര്‍ധിച്ചത്. പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്.
ഇന്ധന വിലക്കൊപ്പം തമിഴ്നാട്ടില്‍ നേരിടുന്ന കനത്ത വരള്‍ച്ചയാണ് പച്ചക്കറിയുടെ വില ഉയരാന്‍ പ്രധാന കാരണം. തമിഴ്നാട്ടില്‍ വരള്‍ച്ച കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവില്‍ കുറവ് വന്നതായാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായി കൃഷി ചെയ്തിരുന്ന പച്ചക്കറി വിളകളെയും വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ വേനല്‍കടുത്ത് വിളവു കുറയുകയും സംസ്ഥാനത്തേക്കുള്ള വരവില്‍ ഇടിവുണ്ടാകുകയും ചെയ്തതോടെ പച്ചക്കറി വില കുത്തനെ ഉയര്‍ന്നു.
പത്തു രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 190 രൂപയാണ് വില. മാങ്ങ- 50, ചെറുനാരങ്ങ- 80, ചെറിയ ഉള്ളി- 60, സവാള- 30, തക്കാളി- 40, പച്ചമുളക്- 40, വെണ്ട- 30, മുരിങ്ങക്കായ- 60, ഉരുളക്കിഴങ്ങ്- 40, മല്ലിയില- 100, കടച്ചക്ക- 60, പയറ്- 40, കറിവേപ്പില- 40, ബീന്‍സ്- 40, നേന്ത്രക്കായ- 50, പടവലം- 20 എന്നിങ്ങിനെ എല്ലാ പച്ചക്കറികള്‍ക്കും വില ഉയരുകയാണ്.
പച്ചക്കറിക്ക് മാത്രമല്ല മറ്റ് പഴവര്‍ഗങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. എന്നാല്‍, ഭക്ഷ്യ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ല. തമിഴ്നാട്ടില്‍ വരള്‍ച്ച കനക്കുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ഇനിയും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലും കടുത്തവേനലിനെ തുടര്‍ന്ന് പച്ചക്കറി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. ഇതുമൂലം നാട്ടിന്‍പുറങ്ങളില്‍നിന്നുള്ള പച്ചക്കറി വരവു കുറഞ്ഞതും വില വര്‍ധനയ്ക്കു കാരണമായെന്നു വ്യാപാരികള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പ്രളയത്തില്‍ ലക്ഷക്കണക്കിന് ഹെക്റ്റര്‍ സ്ഥലങ്ങളിലെ കൃഷികളാണ് നഷ്ടമായത്. ഓണ വിപണി ലക്ഷ്യമിട്ടായിരുന്നു പലരും കൃഷിയിറക്കിയത്.