കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ട്രിപ്പിള്‍ സെഞ്ചറിയില്‍ ഇഞ്ചി വില

രാജ്യത്ത് പച്ചക്കറി വില റൊക്കോഡ് ഇട്ട് മുന്നേറുകയാണ്. ഒരുകിലോ ഉള്ളിയുടെ വില 190 രൂപയായി. തക്കാളി വില വീണ്ടും ഉയര്‍ന്ന് 140ല്‍ എത്തി. ഇഞ്ചി വില ട്രിപ്പിള്‍ സെഞ്ചറി പിന്നിട്ടു. ഇഞ്ചിയുടെ മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവില്‍പനശാലകളില്‍ പല വിലയാണ്. 300 മുതല്‍ 340 രൂപ വരെ ഈടാക്കുന്നുണ്ട്.

രണ്ടാഴ്ച മുന്‍പ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങള്‍ക്കുള്ളില്‍ 200ന് അടുത്തെത്തി. 160 മുതല്‍ 190 രൂപ വരെ ഈടാക്കുന്നവരുണ്ട്. ജൂണില്‍ 40 രൂപ വരെ വില താഴ്ന്നിരുന്നു. വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളില്‍ 150ല്‍ എത്തി. സവാള വിലയിലും നേരിയ വര്‍ധനയുണ്ട്. മൊത്ത വ്യാപാര വില 25-30 രൂപ. മഴയും ഉല്‍പാദനക്കുറവുമാണു വില കുതിച്ചുയരാന്‍ കാരണം. ഡിമാന്‍ഡ് അനുസരിച്ച് ഇഞ്ചി കിട്ടാനില്ലാത്തതിനാല്‍ 3 മാസമായി ഇഞ്ചിവില ഉയരുകയാണ്. 95% ഇഞ്ചിയും മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വിളവെടുത്തിരുന്നു. ഈ വര്‍ഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്നത് ഡിസംബറിലാണ്. അതുവരെ വില ഉയര്‍ന്നുകൊണ്ടിരിക്കും.

തമിഴ്‌നാട്, കര്‍ണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഉള്ളി എത്തുന്നത്. തമിഴ്‌നാട്ടിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ ഉള്ളി ലഭ്യതയില്‍ 50% ഇടിവുണ്ടായെന്നു വ്യാപാരികള്‍ പറഞ്ഞു. വിളവെടുപ്പ് സമയമാണെങ്കിലും മഴയില്‍ ഉള്ളി നശിച്ചു പോകുന്നതു ലഭ്യത കുറയ്ക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പിലൂടെ വില കൂട്ടുന്നെന്ന ആക്ഷപവുമുണ്ട്. ബീഫിനും പലയിടത്തും വില കൂടി. കൊച്ചി നഗരത്തില്‍ കിലോഗ്രാമിന് 360 ആയിരുന്ന വില 380 ആയി ഉയര്‍ന്നു. നഗരത്തിന് പുറത്ത് 400 രൂപ വരെ വാങ്ങുന്ന സ്ഥലങ്ങളുണ്ട്.

Top