ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ റെയില്‍വേ. 150-ാമത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഒക്ടോബര്‍ രണ്ടിന് മാംസാഹാരം ഒഴിവാക്കി റെയില്‍വേയെ ശുദ്ധ വെജിറ്റേറിയനാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ ശുപാര്‍ശ ചെയ്തത്.
റെയില്‍വേ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടാം തിയതി ട്രെയിനുകളിലോ റെയില്‍വേ സ്‌റ്റേഷനുകളിലോ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് റെയില്‍വേയിലെ എല്ലാ ജീവനക്കാരും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ദിവസം നോണ്‍ വെജ് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഗാന്ധിജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കും. ശുചിത്വ സന്ദേശവുമായി ട്രെയിന്‍ സര്‍വീസ്, റെയില്‍വേയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ ഗാന്ധിജിയുടെ ചിത്രം, മ്യൂറല്‍ പെയിന്റിങ് തുടങ്ങി മറ്റു പദ്ധതികളും സാസ്‌കാരിക വകുപ്പിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.