ഇടുക്കി: മൂന്നാറിലെ രാജമലയില്‍ വെച്ച് വാഹനത്തില്‍ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ജീപ്പില്‍ യാത്ര ചെയ്യവെയാണ് കുഞ്ഞ് റോഡിലേയ്ക്ക് വീണത്. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴായിരിക്കാം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയ കുഞ്ഞ് താഴെ വീണതെന്നാണ് കരുതുന്നത്. കുഞ്ഞ് വീണത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല.
പഴനിയില്‍ പോയി മടങ്ങി വരുന്ന വഴിയിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു.
സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിച്ചു.
കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തില്‍ ഇല്ലെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്.