ന്യൂഡല്‍ഹി: രാജ്യത്ത് വാഹന നിര്‍മാണ വിപണി നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. മാരുതി സുസുകി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട തുടങ്ങിയ കമ്പനികളുടെ വാഹന വില്പനയില്‍ ഗണ്യമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തതോടെ ചരിത്രത്തിലാദ്യമായി വലിയ മാന്ദ്യത്തിലേക്ക് വാഹനവിപണി പോകുകയാണെന്നതില്‍ സ്ഥിരീകരണമായി.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പന 32.7 ശതമാനം ഇടിഞ്ഞ് 1,06,413 ആയി. ടാറ്റാ മോട്ടോഴ്‌സിന് ഇടിവാകട്ടെ 58 ശതമാനമാണ്. ഹോണ്ട കാര്‍സ് ഇന്ത്യയും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും (ടികെഎം) യഥാക്രമം 51 ശതമാനം, 21 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ ആഭ്യന്തര വില്പനയില്‍ മാത്രം 34.3 ശതമാനമാണ് ഇടിവ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,47,700 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് ആഭ്യന്തര വിപണിയില്‍ പോയ മാസം ഇറങ്ങിയത് 97,061 വാഹനങ്ങള്‍ മാത്രമാണ്. കോംപാക്ടസ് വിഭാഗത്തില്‍ (സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍) ഇടിവ് 23.9 ശതമാനമാണ്. എണ്ണം 71,364ല്‍നിന്ന് 54,274 ആയി താഴ്ന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആകെ വില്പന 48,321 എണ്ണത്തില്‍നിന്ന് 36,085 ആയി. ആഭ്യന്തര വിപണിയില്‍ ഇടിവ് 26 ശതമാനമാണ്. യാത്രാവാഹന വിഭാഗത്തില്‍ (യൂട്ടിലിറ്റി വാഹനങ്ങള്‍, കാറുകള്‍, വാനുകള്‍) വില്പന 32 ശതമാനം ഇടിഞ്ഞ് 13,507 ആയി. തലേ വര്‍ഷം 19,758 എണ്ണം വിറ്റിരുന്നു. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ആഭ്യന്തര വില്പന 17,020ല്‍നിന്ന് 8,291 ആയപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ആഭ്യന്തര വില്പന 16.58 ശതമാനം ഇടിഞ്ഞ് 38,205 എണ്ണമായി. ടൊയോട്ട മോട്ടോര്‍ ഇന്ത്യയുടെ വില്പന 11,544 എണ്ണത്തിലേക്കു ചുരുങ്ങി.